Sunday, March 18, 2007

കാബേജ്‌ തോരന്‍

കാലം ഗ്രിഗറി വര്‍ഷം 2003. സ്ഥലം സോഫ്റ്റ്‌വെയര്‍ ഉദ്യാനം. ടെസ്റ്റ്‌ എഴുതാന്‍ വന്ന സ്ലേയ്റ്റ്‌, ആദ്യ മത്സരം വിജയകരമായി തോറ്റു അടുത്തതിനരക്കൈ നോക്കാം എന്ന സ്റ്റയിലില്‍ നില്‍കുന്നു.
കസിന്‍സ്‌ എല്ലാരും അവിടുള്ളതിനാല്‍ താമസം അവരോടൊപ്പം. പകലെല്ലാം ലീലാ പാലസില്‍ ആയതിനാല്‍ (ബയോഡാറ്റ കൊടുക്കനൊന്നുമല്ല കേട്ടോ - വേറെ സ്റ്റാണ്ടെര്‍ഡ്‌ സ്ഥലമൊന്നും ഇല്ലന്നേ) രാത്രി ഭക്ഷണം സ്വയം പാകം ചെയ്യും. ഏതുനേരത്തും എങ്ങനെ 5 സ്റ്റാര്‍ ഭക്ഷണം കഴിക്കും? അല്ലാതെ കാശില്ലാഞ്ഞിട്ടൊന്നും അല്ല. ഞാന്‍ അടക്കം റൂമിലെല്ലാവരും പാരമ്പര്യമായി പാചകത്തില്‍ അതി വിദഗ്ധരായതിനാല്‍ എന്നും രാത്രി പുത്തന്‍ വിഭവങ്ങള്‍ ,എനിയും പേരു പൊലും കണ്ടുപിടിക്കപ്പെടാത്തവ, നിറഞ്ഞിരുന്നു. ഉദാഹരണത്തിനു കഞ്ഞി, പയര്‍, പയര്‍ വെള്ളതോടെ, പയര്‍ അടി കരിഞ്ഞത്‌,കഞ്ഞി വെന്തു മലച്ചത്‌..അങ്ങനെ അങ്ങനെ..
ഒരു വെള്ളിയാഴ്ച ബാങ്കളൂര്‍ സൈറ്റ്‌ സീയിംഗ്‌ (ഊരു തെണ്ടല്‍) കഴിഞ്ഞു നേരത്തെ എത്തി. റൂമ്മേറ്റ്സ്‌ എന്തോ നേരത്തേ ഹാജരുണ്ട്‌. അവര്‍ക്കാര്‍ക്കും പിറ്റേന്നു പള്ളിക്കൂടം ഇല്ലാത്തതിനാല്‍- ഞാന്‍ എപ്പൊഴും ഫ്രീ ആയിരുന്നല്ലൊ?- പുതിയ പാചക ചര്‍ച്ചകള്‍ ആരംഭിച്ചു. കൂലം കഷമായ ചര്‍ച്ചക്കൊടുവില്‍ വളരെ കോമ്പ്ലികേറ്റഡ്‌ ആയ ഒരു വിഭവം ഉരുത്തിരിഞ്ഞു - കാബേജ്‌ തോരന്‍!
അവശ്യം വേണ്ടുന്ന അസംസ്കൃത വസ്തുക്കള്‍ -കാബേജ്‌, പച്ച മുളക്‌, കറിവേപ്പില, എന്നിവ അരമണിക്കൂറില്‍ പരീക്ഷണശാലയില്‍ നിരന്നു.കാബേജ്‌ തൊലികളയാന്‍ തുടങ്ങിയ എന്നെ റൂമ്മേറ്റ്‌ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ഒതുക്കി. എന്നോടു വലിയ സേന്‍ഹമാ. ഒരു പണിയും ചെയ്യാന്‍ വിടില്ല. തോരനു തക്ക വലിപ്പത്തില്‍ കാബേജ്‌ അരിയുന്ന ദൗത്യം പുള്ളി തന്നെ നിര്‍വഹിച്ചു. എല്ലാം കൂടെ അടുപ്പത്തു കയറ്റാറായപ്പോള്‍ ഒരു ചെറിയ സംശയം, വെള്ളം എത്ര വേണം? കാബേജ്‌ മുങ്ങിക്കിടക്കണം. നല്ലവണ്ണം വെന്തില്ലെങ്കില്‍ പച്ച സ്വാദു വരും. കത്തി പുള്ളിയുടെ കയ്യില്‍ തന്നെ ഇരിക്കുന്നതിനാല്‍ കേട്ടതു പാതി ഞങ്ങള്‍ സമ്മതിച്ചു. അര മണിക്കൂര്‍ നന്നായി വെന്തു. മൂടി തുറന്നപ്പോള്‍ തമിഴ്‌നാട്ടില്‍ രണ്ടു പേര്‍ക്കു കുളിക്കാനുള്ള വെള്ളം പിന്നെയും ബാക്കി. അടച്ചു വച്ചതിനാലാണ്‌. തുറന്നു വേവിക്കണം, സമയം പിന്നെയും കടന്നുപോയി. വെള്ളം കുറയുന്ന മട്ടില്ല. വിശപ്പു കൂടി വരുന്നു. അപകടം മണത്തു തുടങ്ങി. യുറേക്കാ!! പെട്ടെന്നു മറ്റേ റൂമ്മേറ്റിനു തലക്കു പുറകില്‍ ബള്‍ബു മിന്നി. സൂപ്പു ശരീരത്തിനു വളരെ നല്ലതാണു. പ്രത്യേകിച്ചും കാബേജ്‌ സൂപ്പു. അര ബക്കറ്റു സൂപ്പു ഞൊടിയിടയില്‍ തയ്യാര്‍! ചട്ടിയില്‍ കാബേജ്‌ ഓലന്‍ എന്നെ പുതിയ ഡിഷും!

Thursday, February 22, 2007

-----പ്രേയസി----------
പുലര്‍കാലമഴയില്‍ മടിതന്‍ പുതപ്പിന്റെ
മറനീക്കി എന്നെ ഉണര്‍ത്തുന്നു സഖിയിവള്‍
മണിയൊമ്പതായി ഒരുങ്ങു വേഗം നിന്റെ
ട്രെയിനതിന്‍ പാട്ടിന്നു സ്റ്റഷന്‍ കടന്നുപോം
ഇന്നു നീ എവിടെ ഉറങ്ങുമോഫീസിലൊ
അല്ല! വൈകീട്ടു വീട്ടില്‍ വരുന്നുണ്ടൊ
ഓഫീസിലും പിന്നെ വീട്ടിലും എന്നുടെ
ഘടികാര സൂചി തിരിക്കുന്നതിന്നിവള്
‍നാളെ ഈമാസ വാടക നല്‍കണം
പാല്‍ക്കാരനായി പണം കൊടുത്തീടണം
ബാങ്കില്‍ കഴിഞ്ഞാഴ്ച വാങ്ങിയ എഫ്‌ ഡി തന്
‍ചീട്ടുവന്നില്ല തിരക്കേണമുടനടി
അമ്മ വിളിച്ചുപറഞ്ഞതോര്‍ക്കുന്നില്ലേ
ഇന്നു പിറന്നാള്‍ വഴിപാടു നല്‍കണം
ഇങ്ങനെ നൂറുകൂട്ടം കാര്യമെന്റെതായ്‌
ഓര്‍മിപ്പിക്കൂന്നതീ കൊച്ചു സുന്ദരി
നാട്ടുകാര്‍ കൂട്ടുകാര്‍ അഛനുമമ്മയും
ബന്ധുക്കളായിട്ടെനിക്കുള്ളയാളുകള്
‍നാനാവിധമായ കാര്‍ഡുകള്‍ ലോണുകള്‍
ശ്വാസം വിടാതെ പറയുന്ന കിളിമൊഴി
എല്ലാരുമെന്നിലേക്കെത്തുന്നതീ ഫോണില്‍
ഇവളെന്റെ പ്രിയസഖി "നോക്കിയ" സുന്ദരി

തുമ്പിക്കയ്യിലമര്‍ന്ന പൊന്‍ കലശവും മറ്റുള്ള കൈ പത്തിലും

നാരങ്ങാ ഗദയും കരിമ്പു ധനുഷം ശൂലം തഥാ ചക്രവും

പിന്നെ പങ്കജമൊട്ടു പാശമുടനേ നീലോല്‍പലം നെല്ലുമായ്‌

കൊമ്പുംകൊണ്ടരുളും വിനായകനെനിക്കേറ്റം തുണച്ചീടണം

-----ശുഭമായി തുടങ്ങട്ടേ!!!------